പണ്ട് എങ്ങോ...ഓർമ



മല മടക്കിലൂടെ സൂര്യൻ എത്തിനോക്കാൻ തുടങ്ങുന്നു..ആകാശത്തു  വെള്ളി വെളിച്ചം പരന്നുതുടങ്ങി  കിളികൾ ചിലയ്ക്കാൻ ആരംഭിച്ചു. കിടുകിട വിറയ്ക്കുന്ന തണുപ്പാണ്, അമ്മ എഴുന്നേറ്റു  അപ്പനെയും മക്കളെയും വിളിച്ചുണർത്തി..മക്കൾ 3പേരും കിടന്ന തഴയുടെ പായ ചാണകം മെഴുകിയ തറയുടെ ഒരു മൂലയിൽ  ചുരുട്ടി വെച്ചു.തുണികൾ കൂട്ടി കെട്ടി ഉണ്ടാക്കിയ തലയിണയും പഴയ കറുത്ത പുതപ്പും അതിനകത്തു സുരക്ഷിതമായിരുന്നു. മൂത്തവൻ തലേന്ന് വായിച്ചു അടയാളം വെച്ച ലൈബ്രറി പുസ്തകം ഭദ്രമായി തലയിണക്കടിയിൽ വെച്ചു. മങ്ങിയ ഓട്ടു വിളക്കിന്റെ തിരിയിലെ കരി വിരൽ കൊണ്ട് തട്ടിക്കളഞ്ഞ ശേഷം നീളമുള്ള മൂന്നു ബാറ്ററിയുടെ ടോർച്ചു തെളിച്ചു ഒരുമൊന്തയും എണ്ണയുമായി അമ്മ  തൊഴുത്തിലേക്കു നടന്നു. പുറകെ രണ്ടു പ്ലാസ്റ്റിക് ബക്കെറ്റും ഒരു അരിപ്പയുമായി മകനും.... കറന്ന ഉടനെ പച്ചപ്പാൽ അമ്മ മകന് ചൂടോടെ കുടിക്കാൻ കൊടുക്കും.അപ്പനും രണ്ടു മക്കളും റേഡിയോയുമായി തെങ്ങിന്റെ ചുവട്ടിൽ കരിയില കൂട്ടിയിട്ടു തീകത്തിച്ചു കായാൻ കുത്തിയിരുന്നു. റേഡിയോയിൽ പ്രഭാതഭേരി മുഴങ്ങി കേൾക്കാം..

                 കൈകൾ തീയിലേക്ക് നീട്ടി അപ്പനും മക്കളും തീകാഞ്ഞു എഴുന്നേറ്റപ്പോഴേക്കും ചാരമിട്ടു തേച്ചുകഴുകിയ അലുമിനിയം പാത്രത്തിൽ ചൂട് ചായയുമായി അമ്മ വന്നു. കോപ്പയിൽ പഞ്ചസാര ഇല്ലാത്ത ചായ ഊതി കുടിക്കുന്നതിനിടയിൽ രണ്ടാമത്തവൻ പിന്ന് കുത്തിയ നിക്കർ ഊരിയെറിഞ്ഞു താഴെയുള്ള പന്നിക്കൂടിനെ ലക്ഷ്യമാക്കി ഓടി. അവന്റെ ഓട്ടം കണ്ട് അപ്പനും മക്കളും അമ്മയും ചിരിച്ചു.

ഇന്ന് പുരമേയുന്ന ദിവസമാണ്. ജീപ്പിൽ കാട്ടിൽ നിന്ന് ഈറ്റയിലയും പുല്ലും കൊണ്ട് വരും അതിന്റെ മണം മൂത്തവന് വലിയ ഇഷ്ട്ടമാണ്. അവൻ അതുകൊണ്ട് ഇന്ന് പള്ളിക്കൂടത്തിൽ പോകുന്നില്ല, ഇല്ലിയുടെ വാരി ചെത്താനും, പുല്ലെറിഞ്ഞു കൊടുക്കാനും അവനും സഹായിക്കാം എന്ന വാഗ്ദാനം നൽകി അപ്പനെ പറ്റിച്ചു. അതുകൊണ്ട് തന്നെ ഇളയതിങ്ങളും ഇന്ന് പോകുന്നില്ല... ഏറ്റവും ഇളയവന് അല്ലേലും മടിയാ കാരണം അവൻ ആശാന്റെ കളരിയിലാണ് പഠനം. മണലിൽ ചൂണ്ടു വിരൽ അമർത്തിച്ചു എഴുതിക്കുന്ന ആശാനോട് നല്ല ദേഷ്യമുണ്ട്.  നേരം വെട്ടം വീണു. അപ്പൻ പുസ്തകങ്ങളൊക്കെ ഒതുക്കാൻ മൂത്ത മകനോട് പറഞ്ഞു കറുത്ത റബ്ബർ ഇട്ടു മുറുക്കി ബന്ധിച്ചു വെച്ചിരിക്കുന്ന പാള പുസ്തകങ്ങൾ അവൻ എടുത്ത് മൺ ഭിത്തിയിലെ തടിയുടെ കോമ്പടിയിൽ വെച്ചപ്പോൾ അപ്പൻ അവനെ പുസ്തകവുമായി വിറകു വെക്കുന്ന ചാർത്തിലേക്കു ഓടിച്ചു. തറയിലെ കുഴിച്ചിട്ടിരിക്കുന്ന ഉരലിൽ അമ്മ കുത്തിയെടുത്ത നെല്ലിന്റെ അരി അടുപ്പിലെ മൺ കലത്തിൽ  തിളയ്ക്കാൻ തുടങ്ങി.

കാപ്പിക്കു ഉണക്ക് കപ്പ വേവിച്ചതും ഉണക്കത്തിരണ്ടി തേങ്ങ അരച്ച കറിയും ആണിന്ന് , കാരണം പുര മേയാൻ ആളുണ്ട്. ഉറിയിലെ മൺചട്ടിയിൽ ഇന്നലത്തെ ആറ്റുമീനിന്റെ കറി കുറച്ചു ബാക്കിയുള്ളത് ഇളയവനായിട്ട് അമ്മ കരുതി വെച്ചിരിക്കുന്നതാണ്  ഉച്ചയ്ക്ക് പുര മേയുമ്പോൾ പൊടിയും ശല്യവുമായതുകൊണ്ട് വറുത്തരച്ച ഉള്ളി തീയലിനായി അരകല്ലിൽ അമ്മ അരയ്ക്കാൻ തുടങ്ങി. വറ്റൽ മുളകും, തേങ്ങാ കൊത്തും അടുപ്പിലെ കനലിന്റെ അടിയിലെ ചാരത്തിൽ ചുട്ടെടുത്തത് അരയുമ്പോൾ വരുന്ന നല്ല മണം രണ്ടാമത്തവൻ ആസ്വദിച്ചു നിക്കുകയാണ്.മൂത്തവൻ അടുത്തുള്ള ഓലിയിൽ നിന്ന് തലയിൽ തേച്ചുകഴുകിയ അലൂമിനിയ കലത്തിൽ വെള്ളവുമായി വന്നു. ദേഹം മുഴുവൻ നനഞ്ഞിട്ടുണ്ട്. രണ്ടാമത്തവൻ വെള്ളം ഇറക്കാൻ കൂടീതാ അവനും നനഞ്ഞു. അപ്പനോട് ക്രിസ്തുമസ്സിന് ഉണ്ടാക്കാനുള്ള നക്ഷത്രത്തിനുള്ള ഈറ്റയും  അവൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. വെള്ളാരം കല്ലിൽ തേച്ചു മൂർച്ച കൂട്ടിയ വാക്കത്തിയും, കീറിയ നാരിന്റെ വള്ളിയും, തലയിൽ തോർത്ത്‌ കൊണ്ട് വട്ടക്കെട്ടുമായി അപ്പൻ കാട്ടിലേക്കു പോകാൻ ഇറങ്ങി. രാവിലെ 7.30 ന്റെ  ഡൽഹിയിൽ നിന്നുള്ള മലയാളം റേഡിയോ വാർത്ത ഉച്ചത്തിൽ കേട്ടുകൊണ്ടിരുന്നു...

                                      (തുടരും )

Comments

  1. 👏👍Nice work achuzz .....🥰keep going ......waiting..😁🥰..

    ReplyDelete
  2. Adipoli dear👌👌🙏🏻
    Waiting for continuation 😁😁😁

    ReplyDelete
  3. Nannayitundu👍👍👍🥰
    Waiting for the next part

    ReplyDelete
  4. Very good 🙏🙏
    Waiting for the next part🥰🥰🥰🥰

    ReplyDelete

Post a Comment